സൗദിയില്‍ ഇന്ന് മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍

സൗദിയില്‍ പരിഷ്‌കരിച്ച തൊഴില്‍ നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലാകും. പുതിയ നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം പുതിയ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സൗദി, തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തിയത്.

ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തികൊണ്ടാണ് നാളെ മുതല്‍ പുതിയ തൊഴില്‍ ചട്ടങ്ങള്‍ സൗദിയില്‍ പ്രാബല്യത്തിലാകുന്നത്. ദേശീയ പരിവര്‍ത്തന പദ്ധദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ മാറ്റം, പ്രാദേശിക തൊഴില്‍ വിപണിയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സ്വദേശികള്‍ക്കിടിയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും, തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. വിദേശികളും ഏറെ പ്രതീക്ഷയോടെയാണ് പുതിയ മാറ്റത്തെ കാത്തിരിക്കുന്നത്.

ദശകങ്ങളായി രാജ്യത്തെ വിദേശികള്‍ക്ക് മേലുള്ള പല നിയന്ത്രണങ്ങളും നാളെ മുതല്‍ ഇല്ലാതാകും. തൊഴിലാളികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വകവെച്ച് നല്‍കുന്നതുമാണ് പുതിയ തൊഴില്‍ നിയമങ്ങള്‍. സ്പോണ്‍സര്‍ഷിപ്പിന്റെ ഊരാകുടുക്കിലകപ്പെട്ട് പ്രയാസങ്ങളനുഭവിക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതുമാണ് പുതിയ മാറ്റം. പുതിയ തൊഴിലിലേക്ക് മാറുന്നതിനും, സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനും, എക്സിറ്റ്-റീ എന്‍ട്രി വിസകള്‍ നേടുന്നതിനും പുതിയ നിയമം പ്രവാസികള്‍ക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. തൊഴില്‍ മേഖലയിലെ പുതിയ മാറ്റത്തിലൂടെ രാജ്യത്ത് വിദേശ നിക്ഷേപം ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. അതേ സമയം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ മാറ്റം ബാധകമല്ലെന്ന് തൊഴില്‍ സാമൂഹിക വികസ മന്ത്രാലയം വ്യക്തമാക്കി.

 

Top