ഒരു വര്‍ഷത്തിനു ശേഷം ഹറമൈന്‍ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി

ജിദ്ദ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിയ ഹറമൈന്‍ ഹൈ സ്പീഡ്‌ ട്രെയിന്‍ സര്‍വീസ്  പുനരാരംഭിച്ചു. ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് റമദാന്റെ തൊട്ടുമുമ്പായി സര്‍വീസ് തുടങ്ങിയത്. പടിഞ്ഞാറന്‍ സൗദിയിലെ നാല് പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21നാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകന്‍ കൂടിയായ മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം സ്റ്റേഷനില്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മദീനയില്‍ നിന്നുള്ള ട്രെയിന്‍ യാത്രയ്ക്ക് മദീന ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ നേസൃത്വം നല്‍കി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തണമെന്ന് പ്രിന്‍സ് ഫൈസല്‍ ബിന്‍ സല്‍മാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വദേശികളുടെയും പ്രവാസികളുടെയും തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹജ്ജ് സീസണ്‍ വരുന്നതോടെ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹ് അറിയിച്ചു.

ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഹറമൈന്‍ ട്രെയിന്‍  സര്‍വീസ് ഒരുങ്ങിക്കഴിഞ്ഞു. കൊവിഡിന്റെ വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ ആരോഗ്യ പെരുമാറ്റച്ചട്ടങ്ങളും പാലിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

Top