സൗദിയില്‍ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ പുതുക്കൽ ആരംഭിച്ചു

റിയാദ്: കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ പുതുക്കുന്നതിനുള്ള സേവനം സൗദി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന് വിസ പുതുക്കൽ നടപടികൾ നിർത്തി വെച്ചിരുന്നു.

നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത വിസിറ്റ് വിസകള്‍ ഫീസുകളൊന്നും കൂടാതെ പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

സൗദിയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കിയ വിസകളാണ് പുതുക്കുന്നത്. ആഭ്യന്തര, ധന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടി ആരംഭിച്ചത്.

ഉപയോഗപ്പെടുത്താത്ത വിസകളുടെ കാലാവധി ജൂലൈ 31 വരെ ഫീസുകള്‍ കൂടാതെ പുതുക്കാം. https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ സേവന പ്ലാറ്റ്‌ഫോം വഴി രാജ്യത്തിന് പുറത്തുള്ള സന്ദര്‍ശകര്‍ക്ക് വിസാ കാലാവധി പുതുക്കാനാകും

Top