സൗദിയില്‍ യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങൾ

രാജ്യത്തെ തൊഴിൽ യോഗ്യത പരീക്ഷക്ക് ഓരോരുത്തർക്കും മൂന്ന് അവസരങ്ങൾ നൽകുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. മൂന്ന് തവണയും പരാജയപ്പെടുന്നവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കില്ല. പുതുതായി നിയമിക്കുന്ന തൊഴിലാളികൾക്ക് അവരവരുടെ രാജ്യങ്ങളിൽ വച്ച് തന്നെയാണ് പരീക്ഷ നടത്തുക.

സൗദിയിൽ നിലവിലുള്ള തൊഴിലാളികൾക്ക് അടുത്ത ജൂലൈ മാസം മുതലാണ് തൊഴിൽ നൈപുണ്യ പരീക്ഷ ആരംഭിക്കുന്നതെങ്കിലും, പദ്ധതിയുടെ ആദ്യ ഘട്ടമായി പ്ലംബിംഗ് ഇലക്ട്രിക്കൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇതിനോടകം തന്നെ പരീക്ഷ ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന പതിനാലോളം സൈറ്റുകൾ വഴി സ്വമേധയാ യോഗ്യത പരീക്ഷക്ക് ഹാജരാകാം.

ജൂലൈ മാസം മുതൽ വൻകിട കമ്പനികളിലെ തൊഴിലാളികൾക്കും യോഗ്യത പരീക്ഷ നിർബന്ധമാകും. വലിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഗസ്റ്റ് മുതലും, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ മുതലുമാണ് പരീക്ഷ. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളെ, തൊഴിലാളികളുടെ എണ്ണമനുസരിച്ച് രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് പരീക്ഷ നടത്തുക.

എ വിഭാഗത്തിന് ഒക്ടോബറിലും, ബി വിഭാഗത്തിന് ഡിസംബറിലും പരീക്ഷ നടത്തുവാനാണ് നീക്കം. വെൽഡിംഗ്, വാഹനങ്ങളുടേയും എഞ്ചിനുകളുടേയും റിപ്പയർ ജോലികൾ, ടെലികോം, ഇലക്ട്രോണിക്സ്, ആശാരിപണി, ഡ്രില്ലിംഗ്, ഓയിൽ എക്സ് പോളോറേഷൻ, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ ജോലികൾ, എയർകണ്ടീഷനിംഗ്, കൂളിംഗ്, കൊല്ലപ്പണി, എന്നിവക്കും പരീക്ഷ നിർബന്ധമാകും.

Top