ആരാംകോ ഓഹരി വില്‍പന; സൌദിയുടെ ആഗോള സാമ്പത്തികമേഖലക്ക് ശക്തിപകരുമെന്ന്

സൗദി ആരാംകോ ഓഹരി വില്‍പന പ്രഖ്യാപനം രാജ്യത്തിനും ആഗോള സാമ്പത്തിക മേഖലക്കും കൂടുതല്‍ ശക്തിപകരുമെന്ന് സൗദി. ഊര്‍ജത്തിനായുള്ള ആഗോള ആവശ്യം നിറവേറ്റുന്നതിനും വിതരണ രംഗത്തെ സുരക്ഷ നിലനിര്‍ത്തുന്നതിനും ഓഹരി വില്‍പന സഹായിക്കുമെന്നും മന്ത്രി സഭ വിലയിരുത്തി.

സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ആരാംകോയുടെ ഓഹരിവിപണി പ്രവേശനം ചര്‍ച്ചയായത്.

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറം പരിപാടിയില്‍ നിരവധി രാഷ്ട്രത്തലവന്മാരുടെയും പ്രധാന മന്ത്രിമാരുടെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തമുണ്ടായിരുന്നതായി മന്ത്രി സഭ എടുത്തു പറഞ്ഞു. 300 ഓളം വിഐപി വ്യവസായ പ്രമുഖകരും 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര കമ്പനികളും പരിപാടിയില്‍ സംബന്ധിച്ചു.

ആഗോള സാമ്പത്തിക പ്രവണതകള്‍, അന്താരാഷ്ട്ര നിക്ഷേപത്തിന്റെ ഭാവി തുടങ്ങിയവ ചര്‍ച്ച ചെയ്യുകയും വിവിധ മേഖലകളില്‍ ധാരണ പത്രങ്ങളും കരാറുകളും ഒപ്പുവെക്കുകയും ചെയ്തു. ഇത് രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയിലും നിക്ഷേപത്തിലുമുള്ള ആത്മവിശ്വാസം സ്ഥിരീകരിക്കുന്നതാണെന്നും രാജ്യത്തിന്റെ ശക്തിയും ദേശീയ അന്തര്‍ദേശിയ തലത്തിലുള്ള സ്ഥാനവും പ്രതിഫലിപ്പിക്കുന്നതാണെന്നും മന്ത്രി സഭ വിലയിരുത്തി.

Top