യമന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും ചൊവ്വാഴ്ച സമാധാന കരാര്‍ ഒപ്പു വെക്കും

തെക്കന്‍ യമന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും ചൊവ്വാഴ്ച സമാധാന കരാര്‍ ഒപ്പു വെക്കും. സൌദി മധ്യസ്ഥതയില്‍ നേരത്തെ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ റിയാദില്‍ വെച്ചാണ് കരാര്‍ ഒപ്പു വെക്കുക.

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് ചടങ്ങ്. ചടങ്ങില്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍, തെക്കന്‍ വിഭജനവാദി നേതൃത്വം എന്നിവര്‍ പങ്കെടുക്കും.

അതേസമയം പ്രധാന ഏറ്റമുട്ടല്‍ കരാര്‍ ഒപ്പുവെക്കുന്നതോടെ നടപ്പാകുമെങ്കിലും ഹൂതികളുമായുള്ള ഏറ്റുമുട്ടല്‍ തുടരും.

സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ അഥവാ തെക്കന്‍ വിഭജനവാദികളുടെ പക്കലായിരുന്നു യമനിലെ തെക്കന്‍ ഭാഗങ്ങള്‍. യു.എ.ഇ പിന്തുണയുള്ള തെക്കന്‍ വിഭജന വാദികള്‍ പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുന്നവരാണ്. യമന്‍ തലസ്ഥാനമായ സന്‍ആ ഹൂതികള്‍ കയ്യടക്കിയതോടെ ഏദനായിരുന്നു യമന്റെ താല്‍ക്കാലിക തലസ്ഥാനം.

സായുധ ശേഷിയുള്ള തെക്കന്‍ വിഭജന വാദികള്‍ ഏദന്റെ പ്രധാന ഭാഗങ്ങള്‍ കയ്യേറിയിരുന്നു. ഇതോടെ ഹൂതികളുമായുള്ള യമന്‍ ഭരണകൂട ഏറ്റുമുട്ടല്‍ ദുര്‍ബലമായി. തുടര്‍ന്ന് യുഎഇയും സൌദിയും യമനും ഒന്നിച്ച് നടത്തിയ ചര്‍ച്ചക്കൊടുവില്‍ തെക്കന്‍ വിഭജനവാദികളുടെ ഭരണപ്രാതിനിധ്യം വര്‍ധിപ്പിച്ചു.

സമാധാന കരാര്‍ ഫോര്‍മുല പ്രകാരം 12 മന്ത്രിമാര്‍ തെക്കന്‍ വിഭജന വാദികള്‍ക്കും 12 പേര്‍ യമന്‍ ഭരണരകൂടത്തിനുമുണ്ടാകും. ഇത് നടപ്പാകുന്നതോടെ ഹൂതികള്‍ക്കെതിരായ നീക്കം എളുപ്പമാകുമെന്നാണ് കണക്ക് കൂട്ടല്‍.

Top