വാഹനാപകടം; സൗദി അറേബ്യയില്‍ ട്രക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ട്രക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. മുനിസിപ്പല്‍ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇയാള്‍ മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ജില്ല എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. ശനിയാഴ്ച പകലായിരുന്നു അപകടം.

അപകടത്തില്‍ മലപ്പുറം ആലത്തൂര്‍പടി മേല്‍മുറി സ്വദേശി മൂസ കുഴിക്കണ്ടനാണ് (49) മരിച്ചത്. അപകടം നടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ബംഗ്ലാദേശി പൗരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. വെള്ളം വിതരണം ചെയ്യുന്ന മുനിസിപ്പാലിറ്റിയുടെ ട്രക്കാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മൂസ ആയിരുന്നു ട്രക്ക് ഓടിച്ചത്.

അല്‍ഖുവൈയ്യ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 26 വര്‍ഷമായി അല്‍ജില്ല മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറായിരുന്നു മൂസ. പിതാവ്: സി.കെ. അബൂബക്കര്‍. ഭാര്യ: ഷെരീഫ. നാല് മക്കളുണ്ട്. തുടര്‍ നടപടികള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Top