ചരിത്ര മുഹൂര്‍ത്തം ഇന്ന്; സൗദി അറേബ്യയില്‍ വാഹനവുമായി സ്ത്രീകള്‍ ഇന്ന് നിരത്തുകളില്‍

sss

റിയാദ്: വണ്ടിയോടിക്കാനുള്ള സ്ത്രീകളുടെ വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ സൗദിയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്കും നിരത്തിലൂടെ വണ്ടിയോടിക്കാം. സൗദി അറേബ്യയുടെ സമീപകാല ചരിത്രത്തിലെ വിപ്ലവകരമായ മുഹൂര്‍ത്തത്തിന് ഭാഗമായിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തത്.

സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ഡ്രൈവിങ് ലൈസന്‍സ് നേടി ചരിത്രമുഹൂര്‍ത്തത്തിന് കാത്തിരിക്കുന്നത്. കാറിനു പുറമെ ഹെവി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടിക്കാന്‍ ലൈസന്‍സ് നേടിയവരുമുണ്ട്. അംഗീകൃത രാജ്യങ്ങളില്‍ ലൈസന്‍സുള്ളവര്‍ക്ക് ആ ലൈസന്‍സ് സൗദിയിലേക്കു മാറ്റാന്‍ അനുവാദമുണ്ട്.

saudi-womwn

പ്രധാന നഗരങ്ങളിലും വിവിധ പ്രവിശ്യകളിലും വനിതകള്‍ വാഹനമോടിക്കുന്നതിനു മുന്നോടിയായി ട്രാഫിക് വിഭാഗം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ടായിരത്തി ഇരുപതോടെ സൗദിയിലെ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം 30 ലക്ഷം കവിയും എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ടാക്‌സി ഓടിക്കാനും വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഗതാഗത നിയമലംഘനങ്ങളില്‍ നിന്ന് വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മദ്യംമയക്കുമരുന്ന് ലഹരിയിലും എതിര്‍ദിശയിലും വാഹനമോടിക്കല്‍, സിഗ്‌നല്‍ മറികടക്കല്‍, അമിതവേഗം, നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ ഓവര്‍ടേക് ചെയ്യല്‍ തുടങ്ങിയവ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കും. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനമോടിക്കുന്നത് 900 റിയാല്‍ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

ഈ ചരിത്ര മുഹൂര്‍ത്തത്തിന് മുമ്പ് തന്നെ വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെയും സര്‍വെയര്‍മാരുടെയും ആദ്യ ബാച്ചും പുറത്തിറങ്ങിയിരുന്നു. വാഹനമോടിച്ച് അപകടത്തില്‍ പെടുന്ന വനിതകള്‍ക്ക് സഹായത്തിന് ഇവരാണ് എത്തുന്നത്.

സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ മാസങ്ങള്‍ നീണ്ട പരിശീലനമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇനി വാഹനമോടിക്കുന്ന വനിതകളുടെ സഹായത്തിന് ഈ സംഘമുണ്ടാകും. സൗദിയില്‍ അപകടത്തില്‍ പെടുന്നവരുടെ ഇന്‍ഷുറന്‍സ് സഹായത്തിനടക്കം എത്തുന്ന നജ്മ് ഇന്‍സ്‌പെക്ടര്‍മാരുടെ അതേ ചുമതലയാകും ഇവര്‍ക്ക്. സ്ത്രീകള്‍ അപകടത്തില്‍ പെടുന്ന കേസുകളില്‍ ഇവരെത്തും. ആദ്യ ബാച്ചില്‍ തന്നെ 40 പേരാണ് പുറത്തിറങ്ങിയിരിക്കുന്നത്

Top