സംഗീത പരിപാടിക്കിടെ വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി സ്ത്രീ അറസ്റ്റില്‍

റിയാദ്: സംഗീത പരിപാടിക്കിടെ വേദിയിലേക്ക് ഓടിക്കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി വനിത അറസ്റ്റില്‍. വെള്ളിയാഴ്ച അറബ് ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസ് നടത്തിയ സംഗീതപരിപാടിക്കിടെയാണ് സംഭവം.

ഗായകന്‍ പാടുമ്പോള്‍ വേദിയിലേക്ക് ഓടിക്കയറിയ സ്ത്രീ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു മാറ്റി.

ബന്ധത്തില്‍പെട്ടവരല്ലാത്ത പുരുഷന്‍മാരുമായി പൊതു ഇടത്തില്‍ ഇടപഴകുന്നത് സൗദിയില്‍ അനുവദനീയമല്ല. അറസ്റ്റു ചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

നേരത്തെ പൊതു സ്ഥങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് വിലക്കുകളുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പൊതു പരിപാടികളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാനുള്ള അവസരങ്ങള്‍ നേടിക്കൊടുത്തത്.

ഇറാഖ് സ്വദേശിയായ മൊഹന്‍ദിസ് അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്.

Top