രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ ഹജ്ജ് പെര്‍മിറ്റ് റദ്ദാക്കുമെന്ന് സൗദി

ജിദ്ദ: ഹജ്ജ് തീര്‍ഥാടനത്തിന് രജിസ്റ്റര്‍ ചെയ്ത് ഹജ്ജ് പെര്‍മിറ്റ് ലഭിച്ചവരില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അവരുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം. രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്കു മാത്രമേ ഇത്തവണ ഹജ്ജിന് പ്രവേശനം നല്‍കൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് പെര്‍മിറ്റ് ലഭിച്ച മുഴുവന്‍ ആളുകളും 48 മണിക്കൂറിനകം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ ഫത്താഹ് അല്‍ മശാത്ത് അറിയിച്ചു. ഹജ്ജ് പെര്‍മിറ്റുള്ളവര്‍ രണ്ടാം ഡോസിനായി പ്രത്യേകം അപ്പോയിന്‍മെന്റ് എടുക്കണമെന്നില്ല. പകരം അടുത്തുള്ള ഏതെങ്കിലും വാക്സിനേഷന്‍ കേന്ദ്രത്തില്‍ ചെന്ന് ഹജ്ജ് പെര്‍മിറ്റ് കാണിച്ചാല്‍ വാക്സിന്‍ ലഭിക്കും. രണ്ടാം ഡോസ് എടുക്കാത്തവരുടെ ഹജ്ജ് പെര്‍മിറ്റ് സ്വമേധയാ റദ്ദാവുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമായിരുന്നു ഇത്തവണ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കിയിരുന്നത്. വാക്സിന്‍ ക്ഷാമം കാരണം രണ്ടാം ഡോസ് വിതരണം കുറച്ചുകാലം വൈകിയിരുന്നു. എന്നാല്‍ നിലവില്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യമായതോടെ എല്ലാവര്‍ക്കും രണ്ടാം ഡോസ് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ താമസക്കാരായ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 60,000 പേര്‍ക്കു മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്.

തീര്‍ഥാടനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണമെന്ന് മാത്രമല്ല, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തവരായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഇത്തവണ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. ഇതു വരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഓണ്‍ലൈനായി ലഭിച്ച 558,270 അപേക്ഷകളില്‍ നിന്ന് 60,000 പേരെ തെരഞ്ഞെടുത്തത്. 150 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

Top