പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടെയുണ്ടാകുമെന്ന് സൗദി അറേബ്യ

സൗദി: പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടെയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗാസയിലെ ജനങ്ങളെ കുടിയിറക്കുന്നത് നിര്‍ത്തണമെന്ന് കെയ്റോ ഉച്ചകോടിയില്‍ സൗദി ആവശ്യപ്പെട്ടു. ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്, കനേഡിയന്‍ പ്രധാനമന്ത്രി എന്നിവരോട് സൗദി കിരീടാവകാശി ആവശ്യപ്പെട്ടു.

ഗാസയിലെ ജനങ്ങളെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ ഒരു നിലക്കും അംഗീകരിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. കെയ്റോയില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം നിയന്ത്രിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സൗദി കൂടെയുണ്ടാകുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍സീസി വിളിച്ച് ചേര്‍ത്ത സമാധാന സമ്മേളനത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തുടങ്ങിയ ലോക നേതാക്കള്‍ സംബന്ധിച്ചു.

Top