അമേരിക്കന്‍ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയ്ക്ക് അധിക എണ്ണ നല്‍കാനൊരുങ്ങി സൗദി

ന്യൂഡല്‍ഹി: ഇറാനുമായുള്ള ക്രൂഡോയില്‍ വ്യാപാരത്തില്‍ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കാനൊരുങ്ങി സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാണ് സൗദി. നവംബര്‍ മുതല്‍ നാല് മില്യണ്‍ ബാരല്‍ എണ്ണ ഇന്ത്യയ്ക്ക് അധികമായി നല്‍കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഒപെക് രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ് സൗദി അറേബ്യയുടെ ഈ തീരുമാനം. കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സൗദി തീരുമാനിച്ചതിന്റെ സൂചന ആയിട്ടാണ് ഇന്ത്യയിയോടുള്ള നിലപാടിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഇറാനില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കാന്‍ മിക്ക ഇന്ത്യന്‍ കമ്പനികളും തീരുമാനമെടുത്തു എന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, മംഗലാപുരം റിഫൈനറി പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് എന്നിവര്‍ക്കാണ് അധികമായി വരുന്ന 4 മില്യണ്‍ ബാരല്‍ എണ്ണ ലഭ്യമാവുക. എന്നാല്‍ കമ്പനികള്‍ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഇറാനില്‍ നിന്ന് എണ്ണ എടുക്കുന്നതിനുള്ള വിലക്ക് വലിയ അളവില്‍ ഇന്ത്യന്‍ റിഫൈനറികളെ ബാധിക്കും. 9 മില്യണ്‍ ബാരലല്‍ എണ്ണയാണ് നവംബറിലേയ്ക്ക ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞിരിക്കുന്നത്.

ലോകത്തിലെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇന്ധന വില വര്‍ദ്ധനവും രൂപയുടെ മൂല്യ തകര്‍ച്ചയുമാണ് ഇന്ന് ആഗോള വ്യാപാര രംഗത്ത് ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധി.

ഒപെക് രാജ്യങ്ങള്‍ അടക്കമുള്ള ലോകത്തിലെ പ്രബല എണ്ണ ഉല്‍പാദകര്‍ തങ്ങളുടെ കയറ്റുമതി വിപുലീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം സൗദി മന്ത്രിയെ ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 4 മില്യണ്‍ ബാരലിന്റെ വര്‍ദ്ധനവ് സൗദി നടത്തിയിരിക്കുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

ശരാശരി 25 ബാരല്‍ എണ്ണയാണ് ഒരു മാസം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.

Top