സര്‍ക്കാരിന്റെ കരാര്‍ ജോലി ലഭിക്കുന്നതില്‍ സൗദിയില്‍ നിയന്ത്രണങ്ങള്‍ വരുന്നു

സര്‍ക്കാരിന്റെ കരാര്‍ ജോലികള്‍  കമ്പനികള്‍ക്ക് ലഭിക്കുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി സൗദി അറേബ്യന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി സൗദി അറേബ്യക്ക് അകത്ത് മേഖല ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ ജോലികള്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്‌ സൗദി ഭരണകൂടം. സൗദി അറേബ്യക്ക് പുറത്ത് മേഖലാ ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കരാറുകള്‍ അനുവദിക്കുന്നത് 2024 ജനുവരി ഒന്നു മുതല്‍ നിര്‍ത്തിവെക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.

തൊഴിലവസരങ്ങള്‍ ഉണ്ടാക്കുവാനും സാമ്പത്തിക ചോര്‍ച്ചക്ക് തടയാനും ധനവിനിയോഗ കാര്യക്ഷമത ഉയര്‍ത്താനുമാണ് പദ്ധതി. ഇതുകൂടാതെ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും വാങ്ങുന്ന പ്രധാന ഉല്‍പന്നങ്ങളും സേവനങ്ങളും ഉചിതമായ പ്രാദേശിക ഉള്ളടക്കത്തോടെ സൗദിയില്‍ തന്നെ നടപ്പിലാക്കുമെന്നും ഉറപ്പാക്കുകയും ചെയ്യും.

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിനിടെ പ്രഖ്യാപിച്ച 2030 റിയാദ് തന്ത്രത്തിന്റെ ലക്ഷ്യങ്ങളുമായി പുതിയ നീക്കം യോജിച്ച് പോകുന്നു. മേഖലാ ആസ്ഥാനങ്ങള്‍ റിയാദിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി 24 കമ്പനികള്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിനിടെ അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യക്ക് പുറത്ത് മേഖലാ ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കരാറുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഈ വര്‍ഷം പ്രഖ്യാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സൗദിയില്‍ മേഖലാ ആസ്ഥാനങ്ങളില്ലാത്ത കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ വിലക്കാനുള്ള തീരുമാനം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിജ്ഞാനം സ്വദേശിവത്കരിക്കാനുമുള്ള സര്‍ക്കാര്‍ താല്‍പര്യമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

പുതിയ തീരുമാനം സ്വദേശികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പരിചയ സമ്പത്ത് രാജ്യത്തേക്ക് മാറ്റുന്നതിലും വിജ്ഞാനം സ്വദേശിവത്കരിക്കുന്നതിലും അനുകൂലമായി പ്രതിഫലിക്കും. പ്രാദേശിക ഉള്ളടക്കത്തിന്റെ വികസനത്തിനും കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു. പുതിയ തീരുമാനം സര്‍ക്കാര്‍ കരാറുകള്‍ക്ക് മാത്രമാണ് ബാധകമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. ചില മേഖലകളെ പുതിയ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും വിശദാംശങ്ങളും ഈ വര്‍ഷാവസാനത്തിനു മുമ്പായി പരസ്യപ്പെടുത്തും.

 

Top