സൗദി – കാനഡ നയതന്ത്രബന്ധം ; നിലപാടിനെ ന്യായീകരിച്ച് കാനഡ രംഗത്ത്

വാന്‍കൂവര്‍: സൗദി അറേബ്യയുമായി നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാടിനെ ന്യായീകരിച്ച് കാനഡ രംഗത്ത്. സൗദി തങ്ങളുമായുള്ള നയതന്ത്ര വ്യാപാര ബന്ധം വിച്ഛേദിച്ചതില്‍ ദു:ഖമുണ്ടെങ്കിലും സൗദിയുടെ മനുഷ്യാവകാശ ധ്വംസന നിലപാടുകളെ തുറന്നെതിര്‍ക്കുമെന്ന് വിദേശകാര്യമന്ത്രി ക്രിസ്റ്റീയ ഫ്രീലാന്റ് പറഞ്ഞു. സൗദിക്കെതിരെ കൈകൊണ്ട നിലപാടുകളില്‍ നിന്നും ഒരിഞ്ചു പോലും പിറകോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

തങ്ങള്‍ എല്ലാ കാലത്തും മനുഷ്യാവകാശത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും അതിനിനിയും തുടരുമെന്നും ഫ്രീലാന്റ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും സൗദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് വെള്ളിയാഴ്ചയാണ് കനേഡിയന്‍ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്. ഇവരെ വിട്ടയക്കണമെന്നും കാനഡ സൗദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സൗദി സര്‍ക്കാര്‍ കാനഡയുമായുള്ള നയതന്ത്ര വ്യാപാര ബന്ധം വിച്ഛേദിക്കുകയായിരുന്നു. മറ്റ് കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സൗദി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top