കൊറോണ ഭീതി; എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കി സൗദി അറേബ്യ

റിയാദ്: കൊറോണ വൈറസ് ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കി സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.

ആദ്യം ഇന്ത്യയടക്കുമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനിച്ചിരുന്നത് എങ്കിലും, പിന്നീട് എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണി മുതല്‍ അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

നിയന്ത്രണം ഏര്‍പ്പെടുത്തിയ രണ്ടാഴ്ചക്കിടയില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കൂകയുള്ളൂ. ഈ കാലയളവില്‍ തിരികെ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധിയായി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയില്‍ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയതതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയി ഉയര്‍ന്നു.

Top