സൗദിയില്‍ രണ്ടാം ഡോസ് വാക്സിന്‍ അഞ്ചു വിഭാഗങ്ങള്‍ക്ക് ഉടന്‍ ലഭിക്കും

റിയാദ്: വാക്സിന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഘട്ട വിതരണം നിര്‍ത്തിവച്ച സൗദി അറേബ്യ. അടിയന്തരമായി നല്‍കേണ്ട അഞ്ചു വിഭാഗങ്ങള്‍ക്ക് അത് ലഭ്യമാക്കാന്‍ തീരുമാനിച്ചു.

വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയരാവുന്നവര്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍, പൊണ്ണത്തടിയുള്ളവര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നീ അഞ്ചു വിഭാഗങ്ങള്‍ക്കാണ് നിലവില്‍ രണ്ടാം ഡോസ് വാക്സിന്‍ നല്‍കുക.

ഇവര്‍ക്ക് ഉടന്‍ വിതരണം തുടങ്ങുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം, രണ്ടാം ഡോസ് വൈകുന്നതിനെ ചൊല്ലി മറ്റുള്ളവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ അസീരി പറഞ്ഞു. രാജ്യത്ത് വാക്സിന്‍ എത്തുന്ന മുറയ്ക്ക് രണ്ടാംഡോസ് വിതരണം ചെയ്യും.

രണ്ട് ഡോസുകള്‍ക്കിടയില്‍ കൃത്യമായി ഇത്ര ഇടവേള വേണമെന്ന് നിര്‍മാതാക്കള്‍ പറയുന്നില്ല. ചില രാജ്യങ്ങളില്‍ ഇത് മൂന്നു മാസവും ചില ഇടങ്ങളില്‍ നാലും മാസമാണ് ഇടവേള. രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.

അന്താരാഷ്ട്ര യാത്രയ്ക്ക് രണ്ടാം ഡോസ് നിര്‍ബന്ധമല്ല. വരുന്ന രാജ്യത്തിലെ കൊവിഡ് വ്യാപനത്തിന്റെ തോതാണ് പല രാജ്യങ്ങളും നോക്കുന്നതെന്നും വാക്സിന്‍ എടുത്തോ ഇല്ലയോ എന്നുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 17നാണ് സൗദി അറേബ്യ വാക്സിന്‍ വിതരണം ആരംഭിച്ചത്. ഇതിനകം 1.47 കോടി ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ ഒന്നാം ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസ് വിതരണം ആരംഭിച്ചിരുന്നുവെങ്കിലും ആഗോള തലത്തില്‍ വാക്സിന്‍ ക്ഷാമം ശക്തമായ പശ്ചാത്തലത്തില്‍ അത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

രണ്ടാം ഡോസ് നല്‍കുന്നതിന് പകരം ഒന്നാം ഡോസ് ലഭിക്കാത്തവര്‍ക്ക് അത് നല്‍കുകയും അതുവഴി സാമൂഹിക പ്രതിരോധ ശേഷി നേടിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.

 

 

Top