Saudi Arabia says 47 executed on terror charges, including Shia cleric

റിയാദ്: ഭീകരവാദ കേസുകളില്‍ ശിക്ഷിയ്ക്കപ്പെട്ട 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. ഷിയാ പുരോഹിതന്‍ അടക്കമുള്ളവരുടെ ശിക്ഷയാണ് സൗദി നടപ്പാക്കിയത്.

2003-2006 കാലത്ത് അല്‍ ക്വയ്ദ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ടവരെയും 2011 -13ലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് ഉത്തരവാദികളായവരേയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സൗദി ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ ഷെയ്ഖ് ടെലിവിഷനില്‍ വധശിക്ഷയെ ന്യായീകരിച്ച് പ്രസ്താവന നടത്തി. ഷിയാ പുരോഹിതനായ നിമ്രിനെ വധിച്ചാല്‍ സൗദി വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് നിമ്രിനെ 2012ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 201113 കാലത്ത് ഷിയാ പ്രക്ഷോഭത്തിനിടെ വെടിവയ്പ്പിലും പെട്രോള്‍ ബോംബ് ആക്രമണത്തിലും നിരവധി പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്‌ടോബറിലാണ് വധശിക്ഷ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള നിമ്രിന്റ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.

ഖാത്തിഫ് പ്രവിശ്യയില്‍ ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന ഷെയ്ഖ് നിമ്ര് സൗദിയിലെ അല്‍ സൗദ് രാജകുടുംബത്തെ പരസ്യമായി വിമര്‍ശിയ്ക്കാനും ധൈര്യം കാണിച്ചിരുന്നു. സൗദിയില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നും ജനാധിപത്യരാജ്യമായി മാറണമെന്നും നിമ്ര് അഭിപ്രായപ്പെട്ടിരുന്നു.

പൊലീസുകാര്‍ കൊല്ലപ്പെടാന്‍ ഇടയായ സംഘര്‍ഷത്തിന് പ്രേരണ നല്‍കിയത് നിമ്രാണെന്നാണ് സൗദി ഭരണകൂടത്തിന്റെ വാദം. ഷിയാ രാജ്യമായ ഇറാന് വേണ്ടി സൗദിയില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുകയായിരുന്നു നിമ്ര് അടക്കമുള്ളവരെന്ന് ഭരണകൂടം ആരോപിയ്ക്കുന്നു. ഈ വര്‍ഷം സൗദി നടപ്പാക്കുന്ന ആദ്യ വധശിക്ഷകളാണിത്. 2014ല്‍ 90 പേരെയും 2015ല്‍ 157 പേരെയുമാണ് സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

Top