ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാന് നേരിട്ട് പങ്കുണ്ടെന്ന് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യക്കെതിരായി ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇറാന് നേരിട്ട് പങ്കുണ്ടെന്ന് സൗദി മന്ത്രിസഭ.

യമനില്‍ ഹൂതികള്‍ക്ക് ഇറാന്‍ ആയുധം വിതരണം ചെയ്യുന്നത് സൗദിക്കെതിരെ അക്രമം നടത്താനാണെന്ന് സൗദി മന്ത്രിസഭായോഗം കുറ്റപ്പെടുത്തി.

ബാലിസ്റ്റിക് മിസൈലുകളും, ആയുധങ്ങളും ഹൂതികള്‍ക്ക് നല്‍കുന്ന ഇറാന്റെ നടപടി സൗദി അറേബ്യക്കെതിരായുള്ള ആക്രമണമാണെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഹൂതികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിതരണം ചെയ്യുന്ന ഇറാനെ കിരീടാവകാശി കുറ്റപ്പെടുത്തിയത്.

റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത നടപടിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അപലപിച്ചു.

സൗദി അറേബ്യക്കൊപ്പം ബ്രിട്ടണ്‍ നിലയുറപ്പിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

Top