റിയാദ്: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കെതിരെയുളള അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത ആക്രമണത്തില്‍ പ്രതികരിച്ച് സൗദി അറേബ്യ. ചെങ്കടലിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തണം, സംയമനം പാലിക്കണമെന്നും സൗദി അറേബ്യ പറഞ്ഞു. ചെങ്കടല്‍ മേഖലയില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ സൗദി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹൂതികളുടെ ഒന്നിലധികം കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച അമേരിക്കയും ബ്രിട്ടനും അക്രമിച്ചത്. ഹൂതികളുടെ വ്യോമ പ്രതിരോധ, തീരദേശ റഡാര്‍ സൈറ്റുകള്‍, ഡ്രോണ്‍, ആയുധപുരകള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. യെമന്റെ തലസ്ഥാനമായ സനായിലും പ്രധാന ന?ഗരങ്ങളായ സദാ, ധമര്‍, ഹുദയ്ദാ എന്നിവിടങ്ങളിലുമാണ് ആക്രമണം നടന്നത്. പ്രതിരോധത്തിനായുള്ള അനിവാര്യ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടന്‍ അറിയിച്ചു. സ്വതന്ത്ര വ്യാപാര മാര്‍ഗ്ഗം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ആക്രമണത്തില്‍ പ്രതികരിച്ചു.അതേസമയം ബ്രിട്ടന്റേയും അമേരിക്കയുടേയും ആക്രമണത്തില്‍ ഒമാന്‍ അപലപിച്ചു. ?ഗാസയ്ക്ക് നേരെയുളള ഇസ്രയേലിന്റെ ക്രൂരമായ ആക്രമണവും യുദ്ധവും ഉരോധവും തുടരുന്നതിനിടെ സൗഹൃദ രാജ്യങ്ങളുടെ യെമനിലെ സൈനിക നടപടിയെ അപലപിക്കുകയാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ചെങ്കടല്‍ മേഖലയിലെ ഏതെങ്കിലും തരത്തിലുളള സംഘര്‍ഷം ഒഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. പ്രദേശത്ത് സ്ഥിരതയും സുരക്ഷയും നിലനിര്‍ത്തുന്നതിന് സമാധാനപരമായ ഒരു പ്രമേയത്തിന്റെ ആവശ്യകത സൗദി ഊന്നിപ്പറയുകയും ചെയ്തു. എന്നാല്‍ തായിഫിലെ കിംഗ് ഫഹദ് എയര്‍ ബേസില്‍ വിദേശ സേനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഈ കിംവദന്തികള്‍ തെറ്റാണെന്ന് മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞതായി അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു.