saudi Arabia not considers income tax for foreign residents

റിയാദ്: സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് സര്‍ക്കാര്‍ നികുതിയേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് സൗദി ധനമന്ത്രി രംഗത്തെത്തി.

സൗദിയില്‍ നിന്നും തങ്ങളുടെ ജന്മദേശത്തേക്ക് പണമയക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി ഇബ്രാഹീം അല്‍സാഫ് പറഞ്ഞു.

അന്താരാഷട്ര വിപണിയില്‍ എണ്ണവിലയിടിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ തൊഴിലാളികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

രാജ്യത്തെ പൗരന്മാര്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

വിദേശ തൊഴിലാളികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നത് സര്‍ക്കാറിന് ലഭിച്ച നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയൊഴികെയുള്ള മറ്റ് രാജ്യങ്ങള്‍ ഇപ്പോഴും ഈ നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികള്‍ തങ്ങള്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ സിംഹഭാഗവും സ്വന്തം രാജ്യത്തേക്ക് അയക്കുകയാണെന്നും ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഹാനികരമാണെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധന്മാരുടെ വാദം.

സൗദിയില്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന പണത്തില്‍ പരമാവധി അവിടെ തന്നെ ചെലവഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതി കൊണ്ട് വരണമെന്ന് സൗദി ഇക്കണോമിക് അസോസിയേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

Top