ഫെമിനിസം തീവ്രവാദമാണോ? അതെയെന്ന് ഉത്തരവുമായി സൗദി അറേബ്യ

സൗദി അറേബ്യ തങ്ങളുടെ യാഥാസ്ഥിതിക മനോഭാവത്തില്‍ നിന്നും പുരോഗമന ആശയങ്ങളിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളിലാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പല കാര്യങ്ങളിലും ഇപ്പോഴും അവര്‍ക്ക് തുറന്ന മനോഭാവം സ്വീകരിക്കാന്‍ സാധിക്കുന്നുമില്ല. സഹിഷ്ണുത പുലര്‍ത്തി, വിദേശികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടെയാണ് ഫെമിനിസം, സ്വവര്‍ഗ്ഗപ്രേമം, നിരീശ്വരവാദം എന്നിവയെല്ലാം തീവ്രവാദത്തില്‍ പെടുന്നതാണെന്ന് സൗദി സുരക്ഷാ ഏജന്‍സിയുടെ നിലപാട് പുറത്തുവരുന്നത്.

സൗദി സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി പുറത്തുവിട്ട വീഡിയോ ക്ലിപ്പിലാണ് ഇവയെല്ലാം തീവ്രവാദ ഗണത്തില്‍ പെടുന്നവയാണെന്ന് സ്ഥിരീകരിക്കുന്നത്. എല്ലാ തരത്തിലുള്ള തീവ്രവാദവും, പ്രകൃതിവിരുദ്ധ ലൈംഗികതയും അസ്വീകാര്യമാണെന്ന തലക്കെട്ടോടെയാണ് സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ഈ ചിന്താഗതികള്‍ തക്ഫീര്‍ ആണെന്നാണ് അവര്‍ വ്യക്തമാക്കിയത്. മറ്റ് വിശ്വാസികളെ അവിശ്വാസികളായി മുദ്രകുത്തുന്ന രീതിയാണിത്. സൗദി അറേബ്യയുടെ എണ്ണ കേന്ദ്രീകൃതമായ സാമ്പത്തിക സ്ഥിതിയെ വിദേശ നിക്ഷേപം വഴി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളിലാണ് രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍.

രാജ്യത്തിന്റെ ഇസ്ലാമിക സ്വഭാവത്തിന്റെ കാര്‍ക്കശ്യം കുറച്ച് ദേശീയതയില്‍ ഊന്നിയുള്ള നിലപാടാണ് സല്‍മാന്‍ രാജകുമാരന്‍ മുന്നോട്ട് വെയ്ക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കാനുള്ള നീക്കങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ കൂട്ടമായി അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നു.

സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കിയെങ്കിലും ഇതിനായി പരിശ്രമിച്ച പന്ത്രണ്ടോളം സ്ത്രീകളെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്ന സന്ദേശമാണ് ഇതുവഴി നല്‍കുന്നത്. സ്വവര്‍ഗ്ഗപ്രേമവും, നിരീശ്വരവാദവും സൗദിയില്‍ നിയമവിരുദ്ധവും, മരണശിക്ഷയ്ക്ക് വരെ ഇടയാക്കുന്ന കുറ്റവുമാണ്.

Top