ഫാര്‍മസികളിലും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: ഫാര്‍മസികളിലും സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.തുടക്കത്തില്‍ 20 ശതമാനം സ്വദേശികളെ ഫാര്‍മസികളില്‍ നിയമിക്കുകയാണ് ലക്ഷ്യം. അഞ്ചിലേറെ വിദേശത്തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാര്‍മസികളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തൊഴില്‍, സാമൂഹിക വികസനകാര്യമന്ത്രാലയം പുറത്തുവിട്ടു.

സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധപദ്ധതികള്‍ നടപ്പാക്കുമെന്നും ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, സോഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് എന്നിവ ഈ വിവിധ പദ്ധതികളുമായി സഹകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

ഇപ്രകാരം സ്വദേശിവത്കരണം നടപ്പിലാക്കുമ്പോള്‍ സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി ഫാര്‍മസിസ്റ്റുകള്‍ക്കും നിലവില്‍ പഠനം തുടരുന്നവര്‍ക്കും പദ്ധതി പ്രയോജനപ്പെടും. ഔഷധ നിര്‍മാണശാലകള്‍, മരുന്ന് വിതരണ കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സ്വദേശി ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരമുണ്ടാകും

Top