ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ ഒരുങ്ങി സൗദി

റിയാദ്: സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് അടക്കം ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. ലീഗല്‍ കണ്‍സല്‍ട്ടന്‍സി, ഡ്രൈവിംഗ് സ്‌കൂള്‍, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക- എഞ്ചിനീയറിംഗ് മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതെന്ന് മാനവ വിഭവശേഷി സാമൂഹിക വികനസന മന്ത്രി അഹമ്മദ് അല്‍ റാജിഹി അറിയിച്ചു.

ആറ് പുതിയ മേഖലകളിലെ ജോലികള്‍ കൂടി സ്വദേശിവല്‍ക്കരിക്കുന്നതിലൂടെ സൗദി ഉദ്യോഗാര്‍ഥികളായ 40,000 പേര്‍ക്ക് ഈ മേഖലകളില്‍ തൊഴിലുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ഇത് നിലവില്‍ വരുന്നതോടെ നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം ഇപ്പോള്‍ തന്നെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്കാണ് തൊഴിലുകള്‍ നഷ്ടമായത്.

പുതിയ തീരുമാനം കൂടി നടപ്പിലാവുന്നതോടെ ഇത് പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തും. ഐടി, കമ്മ്യൂണിക്കേഷന്‍, ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, പ്രോഗ്രാമിംഗ് ആന്റ് അനാലിസിസ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് എന്നീ മേഖലകളിലെ 25 ശതമാനം ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം നിലവില്‍ വന്നിരുന്നു. ഇതുകാരണം നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു.

ഏതാനും വര്‍ഷങ്ങളായി സൗദി അറേബ്യ നടപ്പിലാക്കി വരുന്ന സ്വദേശിവല്‍ക്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ന്റെ നാലാം പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നത് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 11.7 ശതമാനമായി കുറഞ്ഞു.

ഈ കാലയളവില്‍ സ്വദേശി യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് നാലു ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായും യുവതികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനത്തില്‍ നിന്ന് 16.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്. മാളുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, സെന്‍ട്രല്‍ കാറ്ററിംഗ് മാര്‍ക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്വകാര്യ മേഖലകളില്‍ ഈ വര്‍ഷം ആദ്യത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയതിനെ തുടര്‍ന്നാണിത്.

സൗദിയില്‍ 2021ല്‍ ഇതുവരെയായി നാലു ലക്ഷത്തിലധികം സ്വദേശികള്‍ക്ക് ജോലി നല്‍കിയതായി മന്ത്രി അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയത്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി ലഭിച്ചത്. സ്വദേശിവല്‍ക്കരണ തീരുമാനങ്ങള്‍ക്കൊപ്പം കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് തിരിച്ചതും ഇതിന് സഹായകമായതായാണ് വിലയിരുത്തപ്പെടുന്നത്.

Top