വിദേശികളുടെ ഇഖാമയും റീ എന്‍ട്രിയും സൗദി വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി

റിയാദ്: വിദേശികളുടെ ഇഖാമയും റീ എന്‍ട്രിയും സൗദി അറബ്യ വീണ്ടും സൗജന്യമായി പുതുക്കി തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസില്ലാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ് വിസയും റീഎന്‍ട്രയും പുതുക്കി നല്‍കി തുടങ്ങി എന്ന വാര്‍ത്ത.

ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. മലയാളികളടക്കമുള്ള മിക്ക പ്രവാസികള്‍ക്കും ഇന്നുമുതല്‍ വിസയും റീ എന്‍ട്രിയും പുതുക്കിലഭിച്ചു തുടങ്ങിയിട്ടുണ്ട്. നിലവില്‍ സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികളുടെ ഇക്കാമയും, റീ എന്‍ട്രി വിസയുമാണ് സൗദി അറേബ്യ ദീര്‍ഘിപ്പിച്ചു നല്‍കി തുടങ്ങിയിട്ടുള്ളത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് ഇക്കാമയും റീ എന്‍ട്രിയും ദീര്‍ഘിപ്പിച്ചു നല്‍കുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇക്കഴിഞ്ഞ 8-ാം തീയതിയായിരുന്നു വിസ ദീര്‍ഘിപ്പിക്കുന്നകാര്യം സൗദി അധികൃതര്‍ അറിയിച്ചത്. ഇതാണ് ഇപ്പോള്‍ നടപ്പില്‍ വരുത്തി തുടങ്ങിയിട്ടുള്ളത്.

ഫെബ്രുവരിയില്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയ 20 രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികളുടെ ഇഖാമയും റി എന്‍ട്രിയും സൗജന്യമായാണ് ദീര്‍ഘിപ്പിച്ച് നല്‍കുന്നത്. എന്നാല്‍ മലയാളികളില്‍ ചിലരുടെ ഇഖാമയും റീ എന്‍ട്രിയും ഇനിയും ദീര്‍ഘിപ്പിച്ചുകിട്ടാനുണ്ട്. രണ്ട്ദിവസത്തിനുള്ളില്‍ ഇവര്‍ക്കും സേവനം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

 

Top