കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ ആരംഭിച്ച് സൗദി

റിയാദ്: പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെയായി 4,15,72,744 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. അതില്‍ 2,32,50,980 ആദ്യ ഡോസും 1,83,21,764 രണ്ടാം ഡോസുമാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് കൂടി മൂന്നാം ഡോസ് വാക്‌സിന്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിന്റെ ഭാഗമായി രണ്ടാം ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞ 60 വയസിന് മുകളിലുള്ളവര്‍ക്കും മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കും. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. നിലവില്‍ കിഡ്‌നി രോഗികള്‍ക്കും അവയവ മാറ്റം നടത്തിയവര്‍ക്കും മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവിശ്യകളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. 67 ശതമാനം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ച അല്‍ബാഹ പ്രവിശ്യ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

Top