സൗദിയില്‍ പച്ചക്കറികള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തി

റിയാദ്: സൗദി അറേബ്യയില്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയിനങ്ങള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തി. സൗദി മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുവ ഈടാക്കല്‍ നടപടിയെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര കാര്‍ഷിക വ്യവസായത്തെയും പച്ചക്കറി ഉദ്പാദനത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ സുപ്രധാന തീരുമാനം.

ചില വീട്ടുപകരണങ്ങളുടെ ഇറക്കുമതിക്കും 10 ശതമാനം തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ പച്ചക്കറികളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒലിവ്, വെള്ളരിക്ക, കാരറ്റ്, തക്കാളി, കാന്താരി മുളക്, കുരുമുളക്, വെണ്ടയ്ക്ക, കക്കിരി, മല്ലിയില, വഴുതന, തണ്ണിമത്തന്‍ എന്നീ പച്ചക്കറിയിനങ്ങള്‍ക്കാണ് 15 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത്.

10 ശതമാനം കൂട്ടിയതോടെ വീട്ടുപകരണങ്ങളില്‍ ചിലതിന്റെ ഇറക്കുമതി ചുങ്കം 15 ശതമാനമായി ഉയര്‍ന്നു. വിവിധയിനം തറവിരികള്‍, കര്‍ട്ടന്‍, കയര്‍, പാത്രങ്ങള്‍, കുട്ട, കൂട്, ഷോപ്പിങ് ബാഗ് തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് 15 ശതമാനം നികുതി.

Top