തുറമുഖങ്ങളില്‍ സൗജന്യമായി ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് സൗദി അറേബ്യ

സൗദി അറേബ്യ: തുറമുഖങ്ങളില്‍ ചരക്കുകള്‍ സൗജന്യമായി സൂക്ഷിക്കാവുന്നതിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് സൗദി അറേബ്യ.നിലവില്‍ അഞ്ച് ദിവസമുണ്ടായിരുന്നത് 21 ദിവസമായാണ് ദീര്‍ഘിപ്പിച്ചത്. ഈ നടപടി ചരക്ക് കയറ്റുമതി-ഇറക്കുമതി രംഗത്തെ ശക്തിപ്പെടുത്തുമെന്ന് സൗദി പോര്‍ട്ട് അതോറിറ്റി പറഞ്ഞു.

ഇറക്കുമതി കയറ്റുമതി വ്യാപാരികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ആശ്വാസമേകുന്നതാണ് പോര്‍ട്ട് അതോറിറ്റിയുടെ ഈ പുതിയ തീരുമാനം. സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നടപടി പ്രാബല്യത്തില്‍ വരിക. രാജ്യത്തെ തുറമുഖങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് പുതുക്കിയ തീരുമാനം.

അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന വ്യവസായ മേഖലയ്ക്കും കയറ്റുമതി മേഖലയ്ക്കും പുതിയ തീരുമാനം പ്രോത്സാഹനം നല്‍കുമെന്ന് പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മേഖലയിലെ സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുക, ഗുണഭോക്താക്കള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക, ട്രാന്‍സിറ്റ് കപ്പലുകളെ ആകര്‍ഷിക്കുക, മല്‍സരാധിഷ്ടിതമായ സേവനങ്ങള്‍ വഴി ആഗോള വ്യാപാരത്തില്‍ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കുക തുടങ്ങിയ ബഹുമുഖ നേട്ടങ്ങള്‍ കൈവരിക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്നും തുറമുഖ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

Top