സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ആദ്യമായി 2 വനിതാ അംഗങ്ങള്‍

റിയാദ്: സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എസ്എഎഫ്എഫ്) ആദ്യമായി വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തി. ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് വനിതാ അംഗങ്ങളെ ഫെഡറേഷന്റെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതോടൊപ്പം പുതിയ പ്രസിഡന്റിനെയും നിര്‍ദേശിച്ചിട്ടുണ്ട്.

അദ്വ അല്‍ ആരിഫി, റെഹം അല്‍ ഒനൈസാന്‍ എന്നിവരാണ് ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍. മുമ്പ് സാഫ് കമ്മിറ്റി അംഗമായിരുന്നു അദ്വ അല്‍ ആരിഫി. ഏഴംഗ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കമ്മിറ്റി അംഗമായിരുന്ന ഇവര്‍ ബിസിനസ് അഡിമിനിസ്‌ട്രേഷന്‍ ബിരുദധാരിയാണ്.

സൗദി എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയില്‍ കോര്‍പ്പറേറ്റ് പെര്‍ഫോമന്‍സ് ആന്‍ഡ് ഇനിഷ്യേറ്റിവ് മാനേജ്‌മെന്റ് സീനിയര്‍ മാനേജര്‍ ആയിരുന്നു റെഹം. ദേശീയ ടീമിന്റെയും ക്ലബുകളുടേയും ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണുന്നതിനായി മുമ്പ് ടെലിവിഷനു മുന്നില്‍ തടിച്ചു കൂടിയ കുടുംബത്തെ സ്റ്റേഡിയത്തിലേക്ക് എത്തിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് അല്‍ അരിഫി പറഞ്ഞു.

1331071-662679961

ഒരു കായികയിനം എന്നതിലുപരി ഫുട്‌ബോള്‍ ഇന്ന് ഒരു സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാഫിന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നത് ഖ്വാസി അല്‍ഫാസ് ആണ്.

സൗദി അറേബ്യന്‍ ഫുട്‌ബോളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും ഫുട്‌ബോള്‍ കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം ആഗോള തലത്തില്‍ സൗദി ഫുട്‌ബോളിന്റെ റാങ്ക് 40 ല്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും ഖ്വാസി അല്‍ഫാസ് വിശദമാക്കി.

നിലവില്‍ ലോക റാങ്കിംഗില്‍ 70-ാം സ്ഥാനത്താണ് സൗദി അറേബ്യ. 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍ ഫുട്‌ബോള്‍ ഭരണ രംഗത്ത് കൂടുതല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ പുതിയ നീക്കങ്ങള്‍ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Top