സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായുള്ള പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി

റിയാദ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായുള്ള പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി. പെരുന്നാള്‍ അവധി നാല് ദിവസങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ ഇരുപത്തി ഒമ്പതു മുതലായിരിക്കും അവധി ആരംഭിക്കുക. അറഫാ ദിനം മുതല്‍ നാല് ദിവസമായിരിക്കും ബലി പെരുന്നാള്‍ അവധി എന്നും അധികൃതര്‍ അറിയിച്ചു.

തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവധി ദിനങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അറിയിച്ചത്. ഉമ്മുല്‍ ഖുറാ കലണ്ടറനുസരിച്ചു റമദാന്‍ 29 മുതല്‍ തുടര്‍ച്ചയായ 4 ദിവസങ്ങളായിരിക്കും ഈദുല്‍ ഫിതറിനുള്ള ഏറ്റവും ചുരുങ്ങിയ അവധി. ഈദുല്‍ അദ്ഹ അഥവാ ബലിപെരുന്നാളിന് അറഫ ദിനം മുതല്‍ 4 ദിവസങ്ങളിലായിരിക്കും അവധി.

രാജ്യത്തിന്റെ ദേശീയദിനത്തിനും അവധി നല്‍കേണ്ടതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23 നുള്ള ദേശീയദിനം ഏതെങ്കിലും വാരാന്ത്യ ഒഴിവു ദിനത്തിലാണ് വരുന്നതെങ്കില്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ദിനത്തിന് മുമ്പോ ശേഷമോ ഒരു ദിവസം കൂടി കൂടുതലായി അവധി നല്‍കണം. എന്നാല്‍ ഏതെങ്കിലും പെരുന്നാള്‍ അവധികള്‍ക്കിടയിലാണ് ദേശീയദിനം വരുന്നതെങ്കില്‍ പകരമായി മറ്റൊരു ദിവസം അവധി നല്‍കേണ്ടതില്ലെന്നും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

Top