SAUDI ARABIA Crown prince launches amnesty

ജിദ്ദ: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

സൗദിയിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്.

തൊഴില്‍, ഇഖാമ (താമസ രേഖ) നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍ ( ഹുറൂബ് – തൊഴിലാളി ഒളിച്ചോടി എന്ന് സ്‌പോണ്‍സര്‍ സ്റ്റാറ്റസ് നല്‍കിയ വ്യക്തി) ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം.

റബജ് ഒന്നു മുതല്‍ (മാര്‍ച്ച് 29) റമദാന്‍ അവസാനം ജൂണ്‍ 24 വരെയുള്ള 90 ദിവസമാണ് പൊതുമാപ്പ് കാലയളവ്.

പിഴകളും ഫീസുകളും മറ്റു ശിക്ഷാ നടപടികളും കൂടാതെ ഇവര്‍ക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിനു സാധിക്കും. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാക്കുക.

വിസിറ്റ്, ഹജ്ജ്, ഉംറ വിസകളില്‍ സൗദിയില്‍ എത്തി വിസാ കാലാവധിക്കു ശേഷം അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്ക് എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലെ ജവാസാത്ത് കൗണ്ടറുകളില്‍നിന്നു ഫൈനല്‍ എക്‌സിറ്റ് നല്‍കും.

വിരലടയാളവും കണ്ണടയാളവും പരിശോധിച്ച് കേസുകളുമായും മറ്റും ബന്ധപ്പെട്ടു സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവരുന്നവരല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാകും നിയമ ലംഘകര്‍ക്ക് എക്‌സിറ്റ് നല്‍കുക.

ഇഖാമയുള്ളവരും തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിച്ചവരും സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവരും അതിര്‍ത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയവരും എക്‌സിറ്റ് നടപടികള്‍ക്ക് അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകള്‍ക്കു കീഴിലെ വിദേശി വകുപ്പുകള്‍ വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്കു തിരിച്ചുപോകുന്നവരെ നാടുകടത്തിയവര്‍ എന്നോണം കരിമ്പട്ടികയില്‍ പെടുത്തില്ല. ഇതുമൂലം പുതിയ വിസയില്‍ സൗദിയില്‍ വീണ്ടും വരുന്നതിന് ഇവര്‍ക്ക് തടസ്സമുണ്ടാകില്ല.

Top