Saudi Arabia crisis: Sushma Swaraj shows once again why she’s a true game-changer

sushamma-swraj

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ തൊഴില്‍ പ്രതിസന്ധിയില്‍ സൗദി രാജാവ് ഇടപെടുന്നു. രണ്ട് ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കണമെന്ന് സൗദി രാജാവ് നിര്‍ദേശം നല്‍കിയതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു.

അതേസമയം, സൗദിയില്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികളില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് വിവരം.

ഹാജിമാരുടെ വിമാനത്തില്‍ ഒരു സംഘം തൊഴിലാളികളെ ഇന്ന് നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സൗദിയുടെ അനുമതി ലഭിച്ചില്ല.

സൗദിയില്‍ കുടുങ്ങിയ മലയാളികളുമായി ആശയ വിനിമയം നടത്തുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സൗദിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനായി മന്ത്രി നാളെ സൗദിയിലേക്ക് തിരിക്കും.

മടങ്ങി വരുന്ന മലയാളികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും മന്തി പറഞ്ഞു.

ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് അത് സൗജന്യമായി പുതുക്കി നല്‍കാമെന്നും നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്നും സൗദി ഇന്ത്യക്ക് ഉറപ്പ് നല്‍കിയതായി കഴിഞ്ഞ ദിവസം വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് അറിയിച്ചിരുന്നു.

സേവന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് സൗദി സര്‍ക്കാരിന്റെ ചെലവില്‍ നിയമസഹായം നല്‍കുമെന്നും തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി വികെ സിംഗ് പറഞ്ഞു.

കമ്പനി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിത്തരുമെന്ന് ഉറപ്പു നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

നാട്ടിലേക്ക് പോകുന്നവര്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് എംബസി വഴി എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ് അറിയിച്ചു.

റിയാദില്‍ കേന്ദ്രമന്ത്രിയും സൗദി തൊഴില്‍ മന്ത്രി ഡോ. മുസര്‍റജ് ഹഖബാനിയുമായി നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

റിയാദില്‍ എത്തിയ വിദേശകാര്യസഹമന്ത്രി വി കെ സിംഗ് സൗദി തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സഹായം ഉറപ്പാക്കുന്നതിന് സൗദി അറേബ്യ അടിയന്തരനടപടികള്‍ സ്വീകിരിച്ചിട്ടുണ്ടെന്നും വി കെ സിംഗ് പറഞ്ഞു.

Top