സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ പകുതിയോളം പേര്‍ക്കും ലക്ഷണങ്ങളില്ല

സൗദി: സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്‍മെന്റില്ലാതെ തന്നെ വാക്സിന്‍ നല്‍കുവാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ന് 904 പുതിയ കേസുകളും 540 രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ആശ്വാസകരമായ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന് രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും രോഗമുക്തിയില്‍ നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇത് വരെ 3,96,758 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 3,82,198 പേര്‍ക്കും ഭേദമായി. കഴിഞ്ഞ ദിവസത്തേതിന്റെ തുടര്‍ച്ചായി ഇന്നും 9 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 6,737 ആയി ഉയര്‍ന്നു.

രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം ഉയര്‍ന്ന് 7,823 ലെത്തി. സൗദിയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നതില്‍ 44 ശതമാനത്തോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്റ് ഇല്ലാതെ തന്നെ വാക്സിന്‍ നല്‍കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഇത് വരെ അറുപത് ലക്ഷത്തോളം ഡോസ് വാക്സിന്‍ വിതരണം ചെയ്തു.

 

Top