സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വ്യാഴാഴ്ച വൈകിട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മലയാളികള്‍ ഉള്‍പ്പടെ നൂറോളം നഴ്‌സുമാരെ പരിശോധനയ്ക്കു വിധേയമാക്കിയതില്‍ ഒരാള്‍ക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധ കണ്ടെത്തിയ നഴ്‌സിനെ അസീര്‍ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് പ്രത്യേക രോഗപ്രതിരോധ ചികിത്സ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ഇന്ത്യന്‍ നഴ്‌സിന് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും അഞ്ചു നഴ്‌സുമാര്‍ നിരീക്ഷണത്തിലായിരുന്നെങ്കിലും പരിശോധനയില്‍ ഇവര്‍ക്കു രോഗബാധ സ്ഥിരീകരിച്ചില്ലെന്നും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ചൈനയിലും അമേരിക്കയിലും വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തേ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് സൗദിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വാര്‍ത്ത വന്നത്.

ചൈനയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 17 പേരാണ് മരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തു നല്‍കിയിട്ടുണ്ട്. രോഗ ബാധിതയായ നഴ്‌സിന് മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top