Saudi Arabia-Based Banker Divorces Hyderabad Wife Through Newspaper A

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവതിയെ ഭര്‍ത്താവ് പത്രപ്പരസ്യത്തിലൂടെ മൊഴി ചൊല്ലിയെന്ന് പരാതി.

മൊഹദ് മുസ്താഖുദ്ദീന്‍ എന്ന യുവാവാണ് ഭാര്യയെ പ്രാദേശിക ഉര്‍ദു പത്രത്തില്‍ പരസ്യം നല്‍കി മൊഴിചൊല്ലിയത്. യുവതിയുടെ പരാതിയിന്മേല്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

2015 ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി സൗദിയില്‍ പോയി. എന്നാല്‍ പിന്നീട് 10 മാസമായ കുഞ്ഞുമായി നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ഭാര്യയെ നാട്ടിലാക്കിയ ശേഷം ഇയാള്‍ കഴിഞ്ഞ മാസം സൗദിയിലേക്ക് മടങ്ങി.

തുടര്‍ന്ന് ഒരു പ്രാദേശിക ഉര്‍ദു പത്രത്തില്‍ നല്‍കിയ പരസ്യത്തിലൂടെ ഇയാള്‍ മൊഴിചൊല്ലുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്‌. 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഇയാള്‍ പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞതായും പൊലീസ് അറിയിച്ചു. മുസ്താഖുദ്ദീനെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല.

ഭര്‍ത്തൃപീഡനം, വഞ്ചന, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് മുസ്താഖുദ്ദീനെതിരെ ചുമത്തിയിരിക്കുന്നത്. മുസ്ലീം നിയമ പ്രകാരം പത്രപ്പരസ്യത്തിലൂടെയുള്ള മൊഴിചൊല്ലല്‍ നിയമപ്രകാരമുള്ളതാണോ എന്നതടക്കം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Top