സൗദിയിലെ ഹോട്ടലുകളില്‍ അല്‍ജസീറയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ്

റിയാദ്: ഖത്തര്‍, ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ഹോട്ടലുകളില്‍ അല്‍ജസീറ ചാനലുകള്‍ നിരോധിച്ച് ഉത്തരവ്. സൗദി ടൂറിസം കമ്മീഷന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുമെന്നും വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ജസീറയുടെ മുഴുവന്‍ ചാനലുകലും നിരോധിക്കാനും പകരം സൗദിയുടെ ഔദ്യോഗിക ചാനല്‍ സംപ്രേഷണം ചെയ്യാനുമാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

അല്‍ജസീറ നെറ്റ്വര്‍ക്കിന് കീഴിലുള്ള ചാനലുകള്‍ ടെലിവിഷന്‍ പട്ടികയില്‍ പോലും ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശമാണ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് ലംഘിക്കുന്നവര്‍ക്ക് പിഴയ്ക്കു പുറമേ, ബോധപൂര്‍വമുള്ള ലംഘനമാണെന്നു കണ്ടെത്തിയാല്‍ ഹോട്ടലിന്റെ ലൈസന്‍സ് വരെ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വിവിധ രാജ്യങ്ങളും ഖത്തറും തമ്മില്‍ ഉടലെടുത്ത നയതന്ത്ര പ്രശ്‌നങ്ങള്‍ക്കു പിന്നാലെയാണ് ഈ തീരുമാനം.

Top