ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം ഒരുക്കി ഇന്ത്യന്‍ എംബസി

റിയാദ്:ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഹുറൂബിലകപ്പെട്ടവര്‍ക്കും നാടുവിടാന്‍ അവസരമുണ്ട്.

വീട്ടുഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവരും സൗദിയിലെ തിരിച്ചറില്‍ രേഖയായ ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് നാടുകടത്തല്‍ കേന്ദ്രം വഴി സൗദിയില്‍നിന്നും ഇന്ത്യയിലേക്ക് പോകുവാനുള്ള അവസരം ഉള്ളതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.

അടുത്ത ഞായറാഴ്ച മുതലാണ് നാടുകടത്തല്‍ കേന്ദ്രം നടപടികള്‍ തുടങ്ങുക. നാട്ടിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ളവര്‍ റിയാദിലുള്ള ഇന്ത്യന്‍ എംബസിയുമായോ ജിദ്ദയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി കമ്മ്യുണിറ്റി വെല്‍ഫയര്‍ കോണ്‍സുലാര്‍ ദേശ് ബന്ദു ഭാട്ടി അറിയിച്ചു.

ഒരു ദിവസം അമ്പതോളം ഇന്ത്യക്കാര്‍ക്കാണ് നാടുകടത്തല്‍ കേന്ദ്രം വഴി നാട്ടിലേക്ക് മടങ്ങാനാവുക. അടുത്ത ഞായറാഴ്ച മുതലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നടപടികള്‍ തുടങ്ങുകയുള്ളു എങ്കിലും ഇന്ന് മുതല്‍ എംബസിയിലും കോണ്‍സുലേറ്റിലുമെത്തി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പേര് രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് ആവശ്യമായ യാത്രാരേഖകള്‍ നല്‍കി തുടങ്ങും.

Top