പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്ക യാത്രയ്ക്ക് അനുമതി നല്‍കി സൗദി

റിയാദ്: ഇന്ത്യയിലേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കും സൗദി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെങ്കിലും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ കൊണ്ടുപോകില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വന്ദേഭാരത് സര്‍വീസിന് കീഴില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നത് തുടരുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബുധനാഴ്ചയാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സൗദി അറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ എത്ര കാലത്തേയ്ക്കാണ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നിലനില്‍ക്കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിട്ടില്ല.

Top