യൂറോപ്പില്‍ നിന്നും വീണ്ടും വമ്പന്‍ താരങ്ങളെ ലക്ഷ്യമിട്ട് സൗദി അറേബ്യ; അടുത്ത സീസണില്‍ ലക്ഷ്യം കെവിന്‍ ഡിബ്രൂയ്‌നെ

റിയാദ്: യൂറോപ്പില്‍ നിന്നും വീണ്ടും വമ്പന്‍ താരങ്ങളെ ലക്ഷ്യമിട്ട് സൗദി അറേബ്യ. അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രൂയ്‌നെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി സൗദി വ്യക്തമാക്കി. ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് റൂഡി ഗാലെറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബെല്‍ജിയം താരത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറാണ് മുന്‍ നിരയിലുള്ളത്.

ഡിസംബര്‍ 30ന് ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലാണ് ഡിബ്രൂയ്‌നെ മടങ്ങിവന്നത്. പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും മത്സരത്തിന് താരം ഇറങ്ങിയില്ല. ജനുവരി ഏഴിന് ഹഡേര്‍സ്ഫീല്‍ഡിനെതിരെ നടക്കുന്ന എഫ് എ കപ്പ് മത്സരത്തില്‍ ഡിബ്രൂയ്‌നെ കളിക്കുമെന്നാണ് കരുതുന്നത്.

ഡിബ്രൂയ്‌നെയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലെ കരാര്‍ അവസാനിക്കുന്നത് 2025ലാണ്. എങ്കിലും അടുത്ത സീസണില്‍ താരത്തെ സ്വന്തമാക്കാനാണ് സൗദിയുടെ ശ്രമം. 32കാരനായ താരത്തിന് പ്രീമിയര്‍ ലീഗില്‍ ഒരു മത്സരത്തില്‍ മാത്രമാണ് സിറ്റി ജഴ്‌സിയില്‍ കളിക്കാന്‍ കഴിഞ്ഞത്. ബേണ്‍ലിക്കെതിരെ നടന്ന ആദ്യ മത്സരത്തിലാണ് ഡിബ്രുയ്‌നെ കളിച്ചത്. തുടര്‍ന്ന് പരിക്കിന്റെ പിടിയിലായ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി.

Top