സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് സൗദി

റിയാദ്: തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്ന രണ്ടാം ഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം. 2024 ആകുമ്പോഴേക്കും രാജ്യത്ത് സൗദി പൗരന്‍മാര്‍ക്ക് 340,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികള്‍.

മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ഉദ്യോഗാര്‍ഥികളുടെ നൈപുണ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ സ്വദേശിവത്കരണത്തിന്റെ തോതിനനുസരിച്ച് ഓരോ തൊഴില്‍ മേഖലയിലും ഉദ്യോഗാര്‍ഥികളെ സജ്ജമാക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് മന്ത്രാലയം വ്യക്തമാക്കി.

അടുത്ത മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് നിതാഖാത്തിന്റെ രണ്ടാംഘട്ടം. സ്വകാര്യ മേഖലയിലെ ജോലികളില്‍ സൗദി പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുക.

ഓരോ സ്ഥാപനത്തിലും നിയമനം നല്‍കേണ്ട സൗദി ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തിയായിരിക്കും രണ്ടാം ഘട്ടം നടപ്പിലാക്കുക. ഓരോ സ്ഥാപനത്തെയും വിവിധ വിഭാഗങ്ങളായി തിരിച്ച് നിശ്ചിത ശതമാനം സൗദികള്‍ക്ക് സംവരണം നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.

ഇതില്‍ മാറ്റം വരുത്തിയാണ് ഓരോ സ്ഥാപനത്തിലും ഉണ്ടായിരിക്കേണ്ട സ്വദേശികളുടെ എണ്ണം നിര്‍ണയിച്ച് നല്‍കുന്നത്. ഓരോ സ്ഥാപനത്തിലെയും ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായിട്ടാവും ഇത് നിര്‍ണയിച്ച് നല്‍കുക. സ്വദേശികള്‍ക്കായി സംവരണം ചെയ്യപ്പെട്ട ജോലികളില്‍ സമാന സ്വഭാവമുള്ളവയെ സമന്വയിപ്പിച്ച് നിലവിലെ 85 വിഭാഗങ്ങളില്‍ നിന്ന് 32 ആക്കി കുറയ്ക്കാനും തീരുമാനമായി.

2011ലായിരുന്നു നിതാഖാതിന്റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് നിശ്ചിത ശമ്പളത്തോടെ നിശ്ചിത ശതമാനം ജോലി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഇത്. തുടക്കത്തില്‍ 3000 റിയാലായിരുന്നു അടിസ്ഥാന ശമ്പളം. ഈ വര്‍ഷം ആദ്യത്തോടെ അത് 4000 റിയാലാക്കി ഉയര്‍ത്തി.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കുകയും പ്രവാസികളെ ആ ജോലികളില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. അതിനു പുറമെയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ നിശ്ചിത ശതമാനം ജോലികള്‍ സൗദികള്‍ക്കായി മാറ്റിവയ്ക്കണമെന്ന വ്യവസ്ഥ.

അടുത്ത മൂന്ന് വര്‍ഷത്തിനിടെ സൗദികള്‍ക്ക് 3.4 ലക്ഷം ജോലികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രവാസികള്‍ പുറത്താവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

Top