ഹൂതി മിസൈലുകളും ഡ്രോണുകളും നശിപ്പിച്ച് സൗദി സഖ്യസേന

റിയാദ്: രാജ്യത്തെ ജനങ്ങള്‍ക്കും സാമ്പത്തിക കേന്ദ്രങ്ങള്‍ക്കുമെതിരായ ഹൂതി വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി സൗദി അറേബ്യന്‍ സൈന്യത്തിനുണ്ടെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി. ഇതിനകം യമനിലെ ഹൂതികള്‍ സൗദി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ട 350 മിസൈലുകള്‍, 550 സായുധ ഡ്രോണുകള്‍, 62 സ്ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ എന്നിവ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. സൗദി അറേബ്യന്‍ സൈന്യം ഡ്രോണുകളെ പ്രതിരോധിച്ച പോലെ ലോകത്തൊരു രാജ്യത്തിനും ഇത്ര ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൂതികള്‍ രാജ്യത്തിനെതിരെ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈലുകളും സായുധ ഡ്രോണുകളും ഇറാനില്‍ നിര്‍മിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഉറവിടം എവിടെയായിരുന്നാലും രാജ്യത്തിനെതിരെ വരുന്ന ഏത് ഭീഷണികളെയും തടഞ്ഞുനിര്‍ത്താനുള്ള ശേഷി സൗദിക്കുണ്ട്. ചെങ്കടലിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്താനാണ് ഹൂതികളുടെ ശ്രമം. അല്‍ ഖാഇദയ്ക്കു സമാനമായ രീതിയാണ് ഹൂതിവിമതര്‍ അനുവര്‍ത്തിക്കുന്നത്. യമനിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് ഹൂതികള്‍ തടസ്സം നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം, സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കി, അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചുകൊണ്ടാണ് സഖ്യസേന സൈനിക ഓപ്പറേഷനുകള്‍ നടത്തുന്നത്. ഹൂതി സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണമാണ് സൗദി സൈന്യം നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Top