സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം; മിസൈലും ഡ്രോണുകളും തകര്‍ത്തു

റിയാദ്: സൗദി അറേബ്യക്ക് നേരെ വ്യാഴാഴ്ച വീണ്ടും വ്യോമാക്രമണം. രാജ്യത്തെ തെക്ക് കിഴക്കന്‍ നഗരമായ ഖമീസ് മുശൈത്തിന് നേരെയാണ് യെമനില്‍ നിന്ന് സായുധ വിമത സംഘമായ ഹൂതികള്‍ ആക്രമണം നടത്തിയത്. എന്നാല്‍ അറബ് സഖ്യസേനയുടെ ഇടപെടലിലൂടെ ഈ ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു.

ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലും രണ്ട് ആളില്ലാ വിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. ഹൂതികളുടെ ആക്രമണങ്ങളില്‍ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ എല്ലാ പ്രായോഗിക നടപടികളും സ്വീകരിക്കുകയാണെന്ന് അറബ് സഖ്യസേന അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവും അറബ് സഖ്യസേന പ്രതിരോധിച്ചിരുന്നു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യെമനിലെ സാദാ ഗവര്‍ണറേറ്റിലെ ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ അറബ് സഖ്യസേന തകര്‍ക്കുകയും ചെയ്തു.

 

Top