അബഹ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണം; സൗദിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എ.ഇ

സൗദി:സൗദിയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസം ഹൂതിവിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പറത്തുന്ന ഭീകരാക്രമണമാണ് ഇതെന്ന് യു.എ.ഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം കുറ്റപ്പെടുത്തി. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്തും പ്രതികരിച്ചു.

ഇറാന്‍ പിന്തുണയോടെ മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും ഇല്ലാതാക്കുന്നതിന് ഹൂതി സേന നടത്തുന്ന ഭീകര പ്രവണതകളുടെ പുതിയ തെളിവാണ്‌ അബഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഹൂതി ആക്രമണം എന്ന് യു.എ.ഇ കുറ്റപ്പെടുത്തി. സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും യു.എ.ഇ അറിയിച്ചു.

അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ ബഹ്‌റൈന്‍, ഈജിപ്ത്, കുവൈത്ത് രാഷ്ട്രങ്ങളും അപലപിച്ചു. സൗദിയുടെ സുരക്ഷക്ക് മേലുള്ള എത് ആക്രമണവും മേഖലയുടെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തുന്നതാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Top