9/11 ഭീകരാക്രമണങ്ങളില്‍ സൗദിക്ക് നേരിട്ട് പങ്ക്; തെളിവുകള്‍ പുറത്തുവിടണം:എഫ്ബിഐ ഏജന്റ്

മേരിക്കയില്‍ നടന്ന 9/11 ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ സൗദിയുടെ പങ്ക് വെളിപ്പെടുത്തുന്ന സുപ്രധാന വിവരങ്ങള്‍ പുറത്തുവിടണമെന്ന് അന്വേഷണങ്ങളില്‍ പങ്കെടുത്ത എഫ്ബിഐ ഏജന്റ്. സൗദി ബന്ധം കണ്ടെത്താന്‍ എഫ്ബിഐ ഏജന്റുമാരുടെ സംഘം രഹസ്യമായി അന്വേഷണം നടത്തിവരികയായിരുന്നു. തെളിവുകള്‍ ലഭിച്ച് തുടങ്ങിയതോടെ അന്വേഷണം അവസാനിപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് ആരോപണം.

ഓപ്പറേഷന്‍ എന്‍കോര്‍ എന്നുപേരിട്ട് നടന്ന എഫ്ബിഐ അന്വേഷണം പൂര്‍ണ്ണമായും രഹസ്യമായാണ് അരങ്ങേറിയത്. 2001ലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഈ അന്വേഷണം ആരംഭിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് മാഗസിനും, പ്രോപബ്ലിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തില്‍ അന്‍പതോളം നിലവിലെയും, മുന്‍ എഫ്ബിഐ ഏജന്റുമാരെയും അഭിമുഖം നടത്തി വിവരങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്ന പല വിവരങ്ങളും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

സുപ്രധാന ബന്ധങ്ങള്‍ പരിശോധിച്ച് സൗദി അറേബ്യയുടെ പങ്ക് വെളിപ്പെടുത്താന്‍ സാധിക്കുമായിരുന്ന വിഷയങ്ങളില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെന്ന് ഏജന്റുമാര്‍ പറയുന്നു. 9/11 പ്രാഥമിക അന്വേഷണങ്ങള്‍ നയിച്ച എഫ്ബിഐ ഏജന്റ് റിച്ചാര്‍ഡ് ലാംബെര്‍ട്ട് വിശ്വസിക്കുന്നത് പ്രകാരം തങ്ങള്‍ക്ക് ലഭിച്ച തെളിവുകള്‍ സൗദി ബന്ധം വെളിപ്പെടുത്താന്‍ പര്യാപ്തമാണ്. സ്ഥിരീകരണങ്ങള്‍ ആയിട്ടില്ലെങ്കിലും പുറത്തുവിടാന്‍ കഴിയുന്നതാണ് ഇവയെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ സത്യം മറച്ചുവെയ്ക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ലാംബെര്‍ട്ട് പറഞ്ഞു. 9/11 ഇരകളുടെ കുടുംബങ്ങള്‍ക്ക് അന്വേഷണങ്ങളുടെ ഫയല്‍ കൈമാറുമെന്ന് പ്രസിഡന്റ് ട്രംപ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ ആവശ്യം നിരാകരിച്ചു. അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സൗദി നയതന്ത്രജ്ഞന്റെ പേര് പുറത്തുവിടാന്‍ ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇതും നടപ്പായില്ല. സൗദിക്കാരായ ഒമര്‍ അല്‍ ബയൗമി, മൊഹ്ദര്‍ അബ്ദുള്ള എന്നിവര്‍ക്ക് വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയവരുമായി മുന്‍കൂര്‍ ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

Top