ഇരട്ട സെഞ്ചുറി നേടി സൗദ് ഷക്കീല്‍; ശ്രീലങ്കക്കെതിരെ പാക്കിസ്ഥാന് മികച്ച ലീഡ്

കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. സൗദ് ഷക്കീലിന്റെ അപരാജിത ഇരട്ട സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 312 റണ്‍സിന് മറുപടിയായി പാക്കിസ്ഥാന്‍ മൂന്നാം ദിനം 461 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. 208 റണ്‍സുമായി സൗദ് ഷക്കീല്‍ പുറത്താകാതെ നിന്നു.101-5ലേക്ക് കൂപ്പുകുത്തിയ ശേഷം അഗ സല്‍മാനെയും(83), നൗമാന്‍ അലിയെയും(25) കൂട്ടുപിടിച്ച് സൗദ് ഷക്കീല്‍ നടത്തിയ പോരാട്ടമാണ് പാക്കിസ്ഥാനെ മികച്ച ലീഡിലേക്ക് നയിച്ചത്.

മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സെന്ന നിലയിലാണ്. എട്ട് റണ്‍സോടെ നിഷാന്‍ മധുഷ്കയും ആറ് റണ്‍സോടെ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും ക്രീസില്‍. പത്ത് വിക്കറ്റ് കൈയിലിരിക്കെ പാക്കിസ്ഥാന്‍രെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 135 റണ്‍സ് പുറകിലാണ് ശ്രീലങ്ക.

ആദ്യ അഞ്ച് വിക്കറ്റില്‍ 100 റണ്‍സ് മാത്രമെടുത്ത പാക്കിസ്ഥാന്‍ അവസാന അഞ്ച് വിക്കറ്റില്‍ 360 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ അഞ്ചാമനായി ക്രീസിലെത്തിയ സൗദ് ഷക്കീലിന്റെ പ്രകടനമാണ് പാക് ഇന്നിംഗ്സില്‍ നെടുന്തൂണായത്. സര്‍ഫറാസ് അഹമ്മദ് പുറത്തായശേഷം ക്രീസിലെത്തിയ അഗ സല്‍മാന്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശി സൗദ് ഷക്കീലിന് മികച്ച പിന്തുണ നല്‍കിയതോടെ പാക്കിസ്ഥാന്‍ അപകടമേഖല തരണം ചെയ്തു. ആറാം വിക്കറ്റില്‍ 177 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. 113 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സും പറത്തിയ അഗ സല്‍മാനെ രമേഷ് മെന്‍ഡിസാണ് പുറത്താക്കിയത്.

പിന്നീടെത്തിയ നൗമാന്‍ അലിയും സൗദ് ഷക്കീലിന് മികച്ച പിന്തുണ നല്‍കിയതോടെ പാക്കിസ്ഥാന്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഗ സല്‍മാന്‍ പുറത്തായതോടെ പാക്കിസ്ഥാനെ 350നുള്ളില്‍ തളക്കാമെന്ന ലങ്കന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് സൗദ് ഷക്കീല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് അടിച്ചു തകര്‍ത്തു.

ഷഹീന്‍ അഫ്രീദി(9), നസീം ഷാ(6), അബ്രാര്‍ അഹമ്മദ്(10) എന്നിവരെ ഒരറ്റത്ത് നിര്‍ത്തി സൗദ് ഷക്കീല്‍ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും പൂര്‍ത്തിയാക്കി. വാലറ്റക്കാരായ മൂന്ന് ബാറ്റര്‍മാരും ചേര്‍ന്ന് 25 റണ്‍സെടുത്തപ്പോള്‍ സൗദ് ഷക്കീല്‍ 106 റണ്‍സടിച്ചു. ആറ് റണ്‍സ് നേടിയുള്ളുവെങ്കിലും 78 പന്ത് നേരിട്ട നസീം ഷാ സൗദ് ഷക്കീലിനൊപ്പം എട്ടാം വിക്കറ്റില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. ഇരട്ട സെഞ്ചുറി തികച്ച സൗദ് ഷക്കീല്‍ ശ്രീലങ്കയില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക്കിസ്ഥാന്‍ ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ലങ്കക്കായി രമേഷ് മെന്‍ഡിസ് അഞ്ചും പ്രഭാത് ജയസൂര്യ മൂന്നും വിക്കറ്റെടുത്തു.

Top