മന്ത്രി സത്യേന്ദ്ര ജെയിനിനെ ജയിലില്‍ ‘തിരുമ്മിയത്’ പോക്‌സോ കേസ് പ്രതി

ഡൽഹി: ഡൽഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദ്ര ജെയിനിനെ ജയിലിൽ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി. പോക്‌സോ കേസിലെ പ്രതിയായ റിങ്കുവാണ് സതേന്ദ്രയെ ജയിലിൽ മസ്സാജ് ചെയ്തതെന്ന് ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ റിങ്കുവാണ് മന്ത്രിയെ മസ്സാജ് ചെയ്തത്. പോക്‌സോ കേസിൽ കഴിഞ്ഞ വർഷമാണ് ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ കാത്ത് തിഹാർ ജയിലിൽ കഴിയുകയാണ് ഇയാളിപ്പോൾ.

ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി സുഖചികിത്സ ആരോപണം ഏറ്റെടുത്തു. മന്ത്രിക്ക് ജയിലിൽ തടവുകാരനെക്കൊണ്ട് തിരുമ്മൽ നടത്തിയത് ലജ്ജാകരമെന്ന് ബിജെപി നേതാവ് മനോജ് തിവാരി അഭിപ്രായപ്പെട്ടു. മന്ത്രിയെ തിരുമ്മിയത് ഫിസിയോതെറാപ്പിസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല അഭിപ്രായപ്പെട്ടു.

മന്ത്രിയെ ജലിലിൽ സുഖചികിത്സ നൽകുന്നതിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വിവാദമായതോടെ, വീഡിയോയിൽ കാണുന്നത് മസ്സാജോ, വിഐപി പരിഗണനയോ അല്ലെന്നും, ഫിസിയോ തെറാപ്പി ചെയ്യുന്നതുമാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞത്.

എന്നാൽ മന്ത്രിയെ തിരുമ്മിയത് ഫിസിയോ തെറാപ്പിസ്റ്റല്ല, റേപ്പിസ്റ്റാണെന്ന് ബിജെപി വക്താവ് അഭിപ്രായപ്പെട്ടു. ഫിസിയോ തെറാപ്പിസ്റ്റുകളെ അധിക്ഷേപിച്ച കെജരിവാൾ മാപ്പുപറയണമെന്നും ഷെഹ്‌സാദ് പൂനെവാല ആവശ്യപ്പെട്ടു. കള്ളപ്പണക്കേസിലാണ് മന്ത്രി സത്യേന്ദ്ര ജെയിൻ അറസ്റ്റിലായത്.

Top