ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം

ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. കൊറിയ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് വിജയത്തിനു പിന്നാലെയാണ് ഈ നേട്ടം. ചൊവ്വാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഇരുവരും രണ്ടാം സ്ഥാനത്തെത്തിയത്. ഈ സഖ്യത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.

ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ് – വാങ് ചാങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റാങ്കിലെത്തിയത്. നേരത്തേ കൊറിയ ഓപ്പണ്‍ സെമിയില്‍ ഈ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും ഫൈനലിലേക്ക് മുന്നേറിയത്.

ഈ സീസണില്‍ കൊറിയ ഓപ്പണ്‍ (സൂപ്പര്‍ 500), സ്വിസ് ഓപ്പണ്‍ (സൂപ്പര്‍ 300), ഇന്‍ഡൊനീഷ്യ ഓപ്പണ്‍ (സൂപ്പര്‍ 1000) കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ സഖ്യത്തിന് നിലവില്‍ 87,211 പോയിന്റാണുള്ളത്. ഈ വര്‍ഷത്തെ നാലാമത്തെ ഫൈനല്‍ കളിച്ച സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യം ഇക്കഴിഞ്ഞ കൊറിയ ഓപ്പണില്‍ ലോക ഒന്നാം നമ്പറുകാരായ ഇന്‍ഡൊനീഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയിരുന്നു.

Top