ഇനി ശനിയാഴ്ച അവധി ഇല്ല; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേയ്ക്ക്

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ ഇനിമുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിയ്ക്കും. ഈ മാസം 16-ാം തീയതി ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, കേരളത്തിലേയ്ക്കുള്ള ആദ്യ ബാച്ച് കൊവിഡ് വാക്സിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ശീതീകരിച്ച പ്രത്യേക വാഹനങ്ങളില്‍ വാക്സിന്‍ സംഭരണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടു പോയി. 1,80,000 വാക്സിന്‍ അടങ്ങിയ 25 പെട്ടികളാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഓരോ പെട്ടിയിലും 12,000 ഡോസ് വാക്സിന്‍ വീതമാണുള്ളത്. ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് വാക്സിന്‍ വിമാനത്താവളത്തില്‍ എത്തിയത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.

Top