മോഫിയയുടെ മരണം; സി.ഐക്കെതിരെ കൂടുതല്‍ നടപടി വേണം, വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വ്വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് അധ്യക്ഷ പി.സതീദേവി. സി.ഐ സുധീറിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. കേസില്‍ ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പേടിയില്ലാതെ കയറിച്ചെല്ലാനാകണമെന്നും സതീദേവി പറഞ്ഞു. എല്ലാ സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മോഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി.എ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്ടോബര്‍ 29ന് പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്ത ദിവസമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ അറസ്റ്റിലായ മോഫിയയുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും റിമാന്‍ഡ് ചെയ്തു.

Top