സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്തേയ്ക്ക്

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്തേയ്ക്ക്. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ശോഭനയും സുരേഷ് ഗോപിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രം പണിപ്പുരയിലാണെന്നും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ഫാമിലി ഡ്രാമയാവും ചിത്രമെന്നും അനൂപ് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് തന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് പറഞ്ഞത്.

സുരേഷ് ഗോപി അല്ല ചിത്രത്തിലെ നായകന്‍.എന്നാല്‍ പ്രാധാന്യമുളള വേഷമാണ് അദ്ദേഹം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ മാസ് കഥാപാത്രങ്ങളുടെ മാതൃകയിലുള്ളതാവില്ല ഇതിലെ കഥാപാത്രമെന്നും അനൂപ് പറഞ്ഞു.ലേലത്തിലെ ചാക്കോച്ചിയെ പോലുളള കഥാപാത്രം അല്ലെന്നും എന്നാല്‍ തികച്ചും പ്രത്യേകതകളുള്ള ഒരു കഥാപാത്രമായിരിക്കും അതെന്നും അനൂപ് പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ ‘തിര’യാണ് ശോഭന അവസാനമായി അഭിനയിച്ച ചിത്രം.2005ല്‍ ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് ശോഭനയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ചത്.

Top