അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി: എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക്…

കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന താരമാണ് അന്ന ബെൻ. ചിത്രത്തിലെ ബേബി മോൾ എന്ന കഥാപാത്രത്തെ പെട്ടന്നാരും മറക്കാനിടയില്ല. ചിത്രത്തിലെ മികച്ച അഭിനയം കണ്ട് കൈനിറയെ ചിത്രങ്ങളാണ് ഇപ്പോൾ അന്നയെ തേടി എത്തിയത്. നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലനാണ് അന്നയുടെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ ചിത്രത്തിൽ ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച അന്ന ബെന്നിെ പ്രശംസകൾ കൊണ്ടു മൂടുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. മലയാളത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്നയെ മുമ്പെ തന്നെ കണ്ടിട്ടുണ്ടെന്നും ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന് അപ്പോഴൊന്നും കരുതിയിട്ടില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.

‘ഹെലൻ’ എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.

അന്ന ബെൻ..

ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.

ഹെലനിൽ അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക് !

ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു.
ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്‌നേഹവും പ്രാർത്ഥനയും.

വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകർക്കും അഭിനന്ദനങ്ങൾ.

Top